Wednesday, January 16, 2008

ഒരു നദിക്കൊഴുകാന്‍ രണ്ടു തീരങ്ങള്‍ വേണം. വെള്ളം ക്രമാതീതമായി ഒരു ലക്ഷ്യ ത്തിലേയ്ക്കൊഴുകുന്ന തിനെയാണ് നാം നദി എന്നു വിളിക്കുന്നത്. എന്നാല്‍, ഒരു ലക്ഷ്യ ബോധവുമില്ലാതെ വെള്ളം രണ്ടുവശങ്ങളിലായി കെട്ടിക്കിടക്കുന്നതാണ് വെള്ളപ്പൊക്കം. വെള്ളം കെട്ടിക്കിടന്ന് മലീമ സമാകുന്നു. നമ്മിലുള്ള ഊര്‍ജവും ഏതാണ് അതുപോലെയാണ്. അത് ഒരു ലക്ഷ്യവുമില്ലാതെ, ഒഴുകാതെ കെട്ടിക്കിടക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.

ഇന്ന് മിക്കവരും ആശയക്കുഴപ്പത്തിലാണ്. കാരണം, അവര്‍ക്ക് ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ല. നാം നല്ല സന്തോഷത്തിലാണെങ്കില്‍ നമ്മില്‍ ധാരാളം 'പ്രാണന്‍ (ഊര്‍ജം) ഉണ്ടാകും. പക്ഷേ, ഈ പ്രാണന്‍ എങ്ങോട്ട്, എങ്ങനെ പോകും എന്ന ചിന്താക്കുഴപ്പമുണ്ടാകുമ്പോള്‍ അതിന്റെ ഒഴുക്കു നിലയ്ക്കുന്നു. അങ്ങനെ, വെള്ളം കെട്ടിക്കിടന്ന് അഴുക്കുജലമാകുന്ന പോലെ നമ്മിലുള്ള ഊര്‍ജവും മലിനമാകുന്നു. നദിയിലെ വെള്ളം എങ്ങനെ ലക്ഷ്യബോധത്തോടെ ഒഴുകി വഴിയില്‍ മറ്റുള്ളവര്‍ക്ക് ഉപകാര പ്രദമാകുന്നുവോ അതുപോലെ നമ്മുടെ ജീവിതവും സമൂഹനന്‍മ ലക്ഷ്യമാക്കി മുന്നോട്ടു പോകണം.

ജീവോര്‍ജത്തെ ഒരു ദിശയില്‍ക്കൂടി ഒഴുക്കണമെങ്കില്‍ നമ്മില്‍ പ്രതിബദ്ധത ഉണ്ടാകണം. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നിരീക്ഷിച്ചാല്‍ അവ ഓരോന്നും എന്തോ ഒന്നിനോട് കടപ്പെട്ടിരിക്കുന്നതായി കാണാം. ഉദാഹരണമായി ഒരു വിദ്യാര്‍ഥി കോളജില്‍ ചേരുമ്പോള്‍ താന്‍ ആ സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങള്‍ അനുസരിക്കാമെന്നും വിദ്യ സമ്പാദിച്ച് ലോകനന്‍മയ്്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രതിജ്ഞയെടുക്കുന്നു. അതുപോലെ ഒരു രോഗി ഡോക്ടറെ സമീപിക്കുമ്പോള്‍ അദ്ദേഹം നിശ്ചയിക്കുന്ന മരുന്നുകള്‍ സമയാസമയങ്ങളില്‍ കഴിക്കാമെന്നും മറ്റും ഉറപ്പു നല്‍കുന്നു. സ്ഥാപനങ്ങളിലും വ്യക്തികളിലും ഈ പ്രതി ബദ്ധതയുണ്ട്. ഒരു അമ്മ കുട്ടിയോട്, കുട്ടി അച്ഛനോട്, ഭര്‍ത്താവ് ഭാര്യയോട്, തുടങ്ങി എല്ലാ പ്രവര്‍ത്തന മേഖലകളിലും ഇത് കാണാന്‍ കഴിയും.

മറ്റൊരാളുടെ നിരുത്തരവാദിത്വം നമ്മെ ദേഷ്യംപിടിപ്പിക്കുന്നു. ഉത്തരവാദിത്വബോധം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, മറ്റുള്ളവര്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടു ക്കണമെന്ന് ശഠിക്കുന്ന നാം എത്രമാത്രം സ്വയം പ്രതിബദ്ധരാണെന്ന് ആദ്യം ആലോചിക്കണം. തീര്‍ച്ചയായും അത് നമ്മുടെ കഴിവിനെയും ശക്തിയെയും ആശ്രയിച്ചിരിക്കും. വീട്ടിലെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോള്‍ നമ്മുടെ കഴിവും ശക്തിയും വര്‍ധിക്കുന്നതായി കാണാം. അത് നമ്മെ വളരെ സന്തുഷ്ടരാക്കും.

നാം പലപ്പോഴും നമ്മുടെ കഴിവിന് അനുസരിച്ചല്ല ആഗ്രഹിക്കുന്നത്. ധനമായാലും കീര്‍ത്തിയായാലും സൌന്ദര്യമായാലും സന്തോഷമാ യാലും എല്ലാം നമുക്ക് കൂടുതല്‍ വേണം. നമുക്കുള്ള കഴിവുകള്‍ നന്നായി വിനിയോഗിച്ചാല്‍ മാത്രമേ പ്രകൃതി നമുക്ക് കൂടുതല്‍ കഴിവുകള്‍ തരികയുള്ളൂ. അത് പ്രകൃതിയുടെ നിയമമാണ്. ''എത്ര കൂടുതല്‍ എനിക്കു വേണം എന്നതിനെ ഒന്നു തിരിച്ച് ''എനിക്ക് എത്ര കൂടുതല്‍ ചെയ്യാം? എന്നാക്കി നോക്കൂ! നമ്മുടെ ചിന്താഗതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ത്തന്നെ മനസ്സ് സന്തോഷംകൊണ്ട് നിറയും. സന്തോഷത്തിന്റെ പ്രകൃതംതന്നെ 'കൊടുക്കുക എന്നതാണ്. കാരണം, നാം തന്നെയാണ് ആനന്ദത്തിന്റെ സ്രോതസ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ നമ്മുടെ ശക്തി വര്‍ധിക്കുന്നു. ഒരു പ്രവൃത്തിയോടുള്ള പ്രതിബദ്ധത കൂടുന്നതനുസരിച്ച് എളുപ്പത്തിലും വേഗത്തിലും നമുക്ക് ആ പ്രവൃത്തി ചെയ്തുതീര്‍ക്കാന്‍ കഴിയും.

വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ള നിങ്ങള്‍ക്ക് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങളെടുക്കുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടും. കാരണം, അതില്‍ക്കൂടുതല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. വലിയ കഴിവുള്ള നിങ്ങള്‍ ചെറിയ മാളങ്ങളില്‍ കുടുങ്ങുന്നു. നിങ്ങള്‍ 10 കര്‍മ്മങ്ങള്‍ ഏറ്റെടുത്തു എന്നു കരുതുക. അതില്‍ ഒന്‍പതെണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. അപ്പോള്‍ ശരിയായി നിറവേറ്റാന്‍ കഴിയാത്ത ഒരു കര്‍മ്മം നിങ്ങളെ അലട്ടുകയില്ല. നേരെമറിച്ച്, നിങ്ങള്‍ ഒരു കര്‍മ്മം മാത്രമേ ഏറ്റെടുത്തുള്ളൂ; അത് പരാജയവുമായാല്‍ പിന്നെ എന്തായിരിക്കും സ്ഥിതി?!

തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതിനു ശേഷം ഉത്തരവാ ദിത്വമെടുക്കാം എന്നായിരിക്കും മിക്കവരുടെയും ചിന്ത. ഒരു ഉത്തരവാദിത്വം ആത്മാര്‍ഥമായി ഏറ്റെടുത്തുകഴിഞ്ഞാല്‍ അതിനുവേണ്ട സൌകര്യങ്ങള്‍ എല്ലാം നമ്മളിലേയ്ക്കെത്തിച്ചേരും. അതൊരു പ്രകൃതിസത്യമാണ്. അതുകൊണ്ട്, ഒന്നിനെക്കുറിച്ചും ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. ധൈര്യപൂര്‍വം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ തയാറാവുക. നമ്മുടെ പരിധിയില്‍പ്പെടുന്ന ഒരു കാര്യം ഏറ്റെടുത്തു ചെയ്യുന്നതില്‍ വലിയ ക്രെഡിറ്റൊന്നുമില്ല. നമ്മുടെ കഴിവിന്റെ പരിധിക്കപ്പുറം ഒരടി മുന്നോട്ടു കടക്കുമ്പോഴാണ് അതൊരു നേട്ടമായി കാണേണ്ടത്. അത് നമ്മുടെ കഴിവ് വര്‍ധിപ്പിക്കുന്നു. പ്രതിഭ വര്‍ധിപ്പിക്കുന്നു. നമ്മിലെ സന്തോഷം വര്‍ധിപ്പിക്കുന്നു. നാം ദൈവവുമായി ഒന്നാകുന്നു. സമൂഹത്തിനും മുഴുവന്‍ സൃഷ്ടിക്കുംവേണ്ടി എത്ര ശക്തമായി പ്രവര്‍ത്തിക്കുന്നുവോ അത്രയും ഭൌതികമായും ആത്മീയമായും നാം ഉയര്‍ച്ച പ്രാപിക്കുന്നു. എല്ലാവരും നമ്മുടെ ഭാഗമായിത്തീരുന്നു. നാം എല്ലാവരുടെയും ഭാഗമായിത്തീരുന്നു. അതാണ് ശരിയായ ജീവിതം.

നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും
നിങ്ങള്‍ നിങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. 'എനിക്കെന്തു പറ്റും? 'നാളെ എന്റെ കാര്യം എന്താകും? ഇത്തരം ചിന്ത മാത്രം മതി ഒരാള്‍ക്ക് നിരാശനാകാന്‍. ഡിപ്രഷന്‍ അഥവാ വിഷാദബോധം ഉണ്ടാകാനുള്ള ഒരു മാര്‍ഗം അവനവന്റെ കാര്യങ്ങള്‍ മാത്രം ആലോചിക്കുന്നതാണ്.
മറ്റുള്ളവരുടെ സങ്കടവും സന്തോഷവും പങ്കുവയ്ക്കുന്നതാണ് നിങ്ങളെ ഒരു വ്യക്തിയെന്ന നിലയില്‍ നിന്ന് പ്രപഞ്ചചേതനയിലേയ്ക്ക് വികസിപ്പിക്കാനുള്ള മാര്‍ഗം. ഒരാള്‍ വളരുന്നതനുസരിച്ച് അയാളുടെ ചേതനയും വളരണം. ജ്ഞാനത്തില്‍ നാം വികസിക്കുകയാണെങ്കില്‍ നിരാശാബോധത്തിന് പിന്നെ സ്ഥാനമില്ല. നമ്മുടെ ഉള്ളിന്റെ ഉള്ള് ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വ്യക്തിഗത ദുഃഖങ്ങള്‍ മറക്കാന്‍ ലോകത്തിന്റെ സന്തോഷങ്ങള്‍ പങ്കുവച്ചാല്‍ മതി. ലോകത്തിന്റെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നത് ഒരു വ്യക്തിയെ സന്തോഷവാനാക്കും. ''ഈ ലോകത്തു നിന്ന് എനിക്കെന്തു കിട്ടും? എന്നതിനു പകരം ''എനിക്ക് ലോകത്തിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയും? എന്ന് ചിന്തിക്കുക. ഇങ്ങനെ ഓരോരുത്തരും സമൂഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇവിടെ ദൈവീകത നിറയും. ജ്ഞാനം നേടി ചേതനയെ വികസിപ്പിച്ച് ഓരോരുത്തരും ഈ ചിന്താധാര പരിശീലിക്കേണ്ടതുണ്ട്.

മുന്‍പോട്ടുവച്ച പ്രവൃത്തി നമുക്ക് സൌകര്യപ്രദമല്ല എന്നു കാണുമ്പോള്‍ കൈവിട്ടുകളയുക എന്നത് ആശാസ്യമല്ല. നമ്മുടെ ചുറ്റും കാണുന്ന സൌകര്യങ്ങളൊന്നും സ്ഥിരമായി സന്തോഷം നല്‍കുന്നവയല്ല, മറിച്ച് ഒരു വ്യാമോഹം മാത്രമാണ്. എന്നാല്‍, ഉത്തരവാദിത്വങ്ങള്‍ എപ്പോഴും നമുക്ക് ശക്തിയും അംഗീകാരവും നല്‍കുന്നു. സ്വന്തം കുടുംബത്തോടാണെങ്കില്‍ അവിടെ നമുക്ക് അംഗീകാരവും പിന്തുണയും ലഭിക്കും. അതുപോലെ, സമൂഹത്തോടാ ണെങ്കില്‍ സമൂഹവും, ദൈവത്തോടാണെങ്കില്‍ ദൈവവും നമ്മോടൊപ്പം ശക്തിയായി നിലകൊള്ളും. ഇതറിയാത്തതാണ് പലരെയും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒപ്പം, സ്വാതന്ത്യ്രം നഷ്ടപ്പെടുമോ എന്ന തെറ്റിധാരണയും നമുക്കുണ്ട്. വാസ്തവത്തില്‍ ഏറ്റെടുത്ത കര്‍മ്മത്തിന് ഭംഗം സംഭവിക്കുമ്പോഴാണ് നാം ദുഃഖിതരാകുന്നത്. ജ്ഞാനിക്ക് ഉത്തരവാദിത്വങ്ങള്‍ സുഖദായകങ്ങളാണ്. ഉത്തരവാദിത്വമില്ലായ്മ അസുഖകരവും. മടിയന്‍മാരാണെങ്കില്‍ ഉത്തരവാദിത്വങ്ങള്‍ വലിയൊരു പീഡനമായാണ് കാണുന്നത്. ഉത്തരവാദിത്വം എടുക്കുന്നത് വാസ്തവത്തില്‍ അവര്‍ക്ക് അനുഗ്രഹമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുമില്ല.

ഏതെങ്കിലും ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിക്കപ്പെടാവുന്നയുണ്ടോ? ഉണ്ട്. വേണ്ടത്ര ആലോചനയില്ലാതെ താല്‍ക്കാലികമായെടുത്ത ഉത്തരവാദിത്വങ്ങള്‍, കൂടുതല്‍ വിശാലമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കുതന്നെ അസൌകര്യപ്രദമാകും. അതുപോലെ നിങ്ങളുടെ പ്രതിബദ്ധത മറ്റനവധിപേര്‍ക്ക് ദുരിതം സമ്മാനിക്കുന്നവയാണെങ്കില്‍ അത് ഉപേക്ഷിക്കപ്പെടേണ്ടതാണ്. കാറില്‍ ഇന്ധനം വീണ്ടും വീണ്ടും നിറയ്ക്കുന്നതുപോലെ ജീവിതത്തിലും പുതിയ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. കൂടുതല്‍ കുടുതല്‍ പ്രതിബദ്ധത കൂടുതല്‍പ്പേര്‍ക്ക് നന്‍മ നല്‍കുന്നു.

No comments: